നടൻ മോഹൻലാലിന്റെ ജൻമദിനം ആഘോഷമാക്കി സഹപ്രവർത്തകർ. മലൈക്കോട്ടൈ വാലിബന്റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു.
ചെന്നൈയിലായിരുന്നു ആഘോഷം. ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ ദൃശ്യങ്ങളിൽ കാണാം.
പ്രിയതമന് സ്നേഹചുംബനമേകി ഭാര്യ സുചിത്രയും ആഘോഷത്തിൽ പങ്കാളിയായി. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
നടൻ ഹരീഷ് പേരടിയും പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. നടനവിസ്മയത്തിന് ഒരു പൊന്നാടയും..ബഷീറിയൻ കഥകളും...
ചെന്നൈയിൽ നടന്ന പിറന്നാൾ ദിനാഘോഷം...എന്റെ അഭിനയ ജീവിതത്തിലെ അപൂർവ ദിനം...ലാലേട്ടാ..ഒരായിരം ജൻമദിനാശംസകൾ. ഹരീഷ് പേരടി കുറിച്ചു.
ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിരുന്നു. ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു.
ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും. മോഹന്‍ലാൽ പറഞ്ഞു.