മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 29ന്

10:47 PM Sep 15, 2017 | Deepika.com
ന്യൂഡൽഹി: പതിനഞ്ചാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 28, 29 (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3ലെ അ1 പാർക്കിൽ നടക്കും.

ശനി രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാദീപാരാധന, 6.45 മുതൽ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഒന്പതിന് പൊങ്കാല. എ1 പാർക്കിലെ താത്കാലിക ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി, ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്ന് വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന വഴിപാടായ അന്നദാനം, ഭക്തിഗാനാഞ്ജലി എന്നിവ നടക്കും. രഞ്ജിത് നന്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജാദികർമങ്ങൾ നടത്തുന്നത്.

പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഡൽഹിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്ക് 9810477949, 8130595922, 9818522615.

റിപ്പോർട്ട്: പി.എൻ. ഷാജി