ടൊവീനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ത്യയിലെ പ്രമുഖ നടന്മാരാണ് പുറത്തിറക്കുന്നത്. മലയാളത്തിലെ ടീസർ നടൻ പൃഥ്വിരാജ് പുറത്തിറക്കും.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ടീസര്‍ ഹൃത്വിക് റോഷൻ പുറത്തിറക്കും. തെലുങ്കിൽ നാനിയും കന്നടയിൽ രക്ഷിത് ഷെട്ടിയും ടീസർ റിലീസ് ചെയ്യും. തമിഴിൽ നടൻ ആര്യയും സംവിധായകൻ ലോകേഷ് കനകരാജുമാണ് ടീസർ റിലീസ് ചെയ്യുക.
ജിതിന് ലാലാണ് പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസർ വൈകിട്ട് ഏഴിന് പുറത്തിറക്കും.
118 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
മണിയന്, അജയന്, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും.
ടൊവീനോയുടെ എആർഎം; അഞ്ചുഭാഷയിലെ പ്രമുഖതാരങ്ങൾ ചേർന്ന് ടീസർ റിലീസ് ചെയ്യും
01:20 PM May 19, 2023 | Deepika.com