നടി പവിത്ര ലോകേഷുമായുള്ള നടൻ നരേഷിന്റെ വിവാഹം ഏറെ വിവാദങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയവും ജീവിതവും സിനിമ ആക്കിയിരിക്കുകയാണ്.
മല്ലി പെല്ലി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.എസ്. രാജുവാണ്. പവിത്രയും നരേഷും തന്നെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിർത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടർന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിർമാണവും.
63 കാരനായ നരേഷിന്റെ നാലാം വിവാഹവും 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവുമാണിത്. സോഫ്റ്റ്വയർ എഞ്ചിനീയറായിരുന്നു പവിത്രയുടെ ആദ്യ ഭർത്താവ്.
അയാളുമായി വിവാഹമോചിതയായ ശേഷം നടൻ സുചേന്ദ്ര പ്രസാദുമായി ലിവിംഗ് ഇൻ റിലേഷൻഷിപ്പിലായിരുന്നു പവിത്ര. പിന്നീട് 2018ൽ ഇവർ പിരിഞ്ഞു. തുടർന്നാണ് നരേഷുമായി അടുക്കുന്നത്.