സോഷ്യൽ മീഡിയയിലൂടെ നടിമാരുടേയും സെലിബ്രിറ്റികളുടേയും ചിത്രങ്ങൾ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങൾക്കെതിരേ പരാതികൾ നൽകിയിട്ടും കാര്യമായ കുറവൊന്നും ഉണ്ടാകുന്നില്ല. ഒടുവിൽ ഇതാ തന്റെ ഒരു ചിത്രം വളരെ മോശകരമാക്കി പ്രചരിപ്പിച്ചവർക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയാണ് അശ്വതി.
തന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചിത്രമെടുത്ത് എഡിറ്റ് ചെയ്ത് വൾഗറാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതിന് മറുപടിയുമായാണ് അശ്വതി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് താരം ഇത് പങ്കുവച്ചിരിക്കുന്നത്. ഇതേപ്പറ്റി ഒന്നും പറയാനില്ല. രണ്ട് കൊല്ലം മുന്പ് ഇതേ ഫേസ്ബുക്ക് പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി മറ്റൊരു രൂപത്തിലാക്കി ചില പേജുകളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്കൊന്നും പറയാനില്ല- അശ്വതി പറയുന്നു. അശ്വതി എന്തിനാണ് ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓർക്കുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട് തനിക്ക് പറയാനുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കും ലൈക്കുകൾക്കും വേണ്ടി തന്റെ അന്തസ് കളയാൻ തത്കാലം താൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ദയവായി പ്രതികരിക്കണമെന്നും തന്നെ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയാണ് അശ്വതിയെ ശ്രദ്ധേയയാക്കിയതെങ്കിലും ഒരു എഴുത്തുകാരി കൂടിയാണ് അശ്വതി. ബാല്യത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുന്ന അശ്വതിയുടെ പുതിയ പുസ്തകത്തിന്റെ പേര് ഠാ ഇല്ലാത്ത മുട്ടായികൾ എന്നാണ്. വികെ പ്രകാശിന്റെ റോക്ക് സ്റ്റാർ എന്ന ചിത്രത്തിൽ ഗാനങ്ങളും അശ്വതി എഴുതിയിട്ടുണ്ട്.
"സോഷ്യൽ മീഡിയയ്ക്ക് വേണ്ടി അന്തസ് കളയാനില്ല..'
04:22 PM Nov 27, 2017 | Deepika.com