"അവൾ അതു വേണ്ടെന്നു വച്ചതു സങ്കടത്തോടെ'

03:07 PM May 03, 2023 | Deepika.com

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളി നടിയാണ് കീർത്തി സുരേഷ്. വിജയ്, രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കീർത്തി ഇതിനകം അഭിനയിച്ചു.
അഭിനയപ്രാധാന്യമുള്ള വേഷമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്.

മഹാനടിക്ക് ശേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് ദസറ. കരിയറിൽ നടിക്ക് നാഴികക്കല്ലാവുന്ന മറ്റൊരു സിനിമ കീർത്തി ഉപേക്ഷിക്കുകയാണുണ്ടായത്. തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് കീർത്തി വേണ്ടെന്ന് വച്ചത്. പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്.

അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയുടെ അമ്മയും പഴയകാല നടിയുമായ മേനക സുരേഷ്.

കുന്ദവി, പൂങ്കുഴലി എന്നീ കഥാപാത്രങ്ങളിലൊന്നിന് കീർത്തിയെ പരിഗണിച്ചിരുന്നെന്നും എന്നാൽ ഇതിലേതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും മേനക പറയുന്നു. കുന്ദവിക്കോ പൂങ്കുഴലിക്കോ കീർത്തിയെ ഫിക്സ് ചെയ്തിരുന്നു. എന്നാൽ അണ്ണാത്തെയുടെയും പൊന്നിയിൻ സെൽവന്‍റെയും ഡേറ്റ് ക്ലാഷായി. അതിനാൽ ഏറെ വിഷമത്തോടെ ആ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും മേനക പറയുന്നു.

പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കാത്തതിൽ നടിയുടെ മുത്തശിക്കും ഏറെ വിഷമം ഉണ്ടായിരുന്നെന്നും മേനക പറഞ്ഞു. പക്ഷെ അവസരം ലഭിച്ചില്ലെങ്കിൽ അത് നമുക്ക് വിധിച്ചതല്ല എന്ന് കരുതാൻ കീർത്തിക്ക് കഴിയുമെന്നും മേനക വ്യക്തമാക്കി.