വിവാഹജീവിതത്തിന്റെ 35 വർഷങ്ങൾ പൂർത്തീകരിച്ച് മോഹൻലാലും സുചിത്രയും. ജപ്പാനിൽ നിന്നും വിവാഹവാർഷികം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഫ്രം ടോക്കിയോ വിത്ത് ലവ് എന്ന അടിക്കുറിപ്പോടെ മോഹൻലാൽ തന്നെയാണ് ഭാര്യ സുചിത്രയ്ക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങൾ പങ്കുവച്ചത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ കുറിപ്പിൽ പറയുന്നു.
പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായപ്പോഴാണ് ഒരു മാസത്തെ അവധിക്കായി മോഹൻലാൽ ജപ്പാനിലേക്ക് യാത്ര തിരിച്ചത്.
ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയ ചിത്രവും കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവച്ചിരുന്നു. സുചിത്രയെ ചേർത്തുനിർത്തി ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്.
1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാല്‍ എന്നിവരാണ് മക്കൾ.
35 വർഷത്തെ സ്നേഹം; ജപ്പാനിൽ വിവാഹവാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും
09:56 AM Apr 29, 2023 | Deepika.com