"ലിപ്‌ലോക്ക് എനിക്കൊരു വിഷയമല്ല'

01:46 PM Apr 27, 2023 | Deepika.com

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അമല പോൾ. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവയ്ക്കുമ്പോൾ അത് പലപ്പോഴും വലിയ വിമർശനത്തിന് ഇടയാകാറുണ്ട്. ചർച്ചയായി മാറാറുണ്ട്. എന്നാൽ അമല പോൾ അതൊന്നും വലിയ വിഷയമായി എടുക്കാതെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും സിനിമകളും വേഷവും തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്.

വളരെ വിരളമായി മാത്രം മലയാള സിനിമ ചെയ്യുന്ന നടി കൂടിയാണ് മുപ്പത്തിയൊന്നുകാരിയായ അമല പോൾ. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് ചുവടുവച്ചത്.

പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം മൈനയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയെ അമ്പരപ്പിച്ചു. ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്‍റെ ആടുജീവിതമാണ്.

മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിൻറെ ആടുജീവിതം സിനിമയാകുമ്പോൾ പൃഥ്വിരാജ് വിസ്മയിപ്പിക്കുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.

അതേസമയം ട്രെയിലർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. മലയാളത്തിൽ ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല-പൃഥ്വിരാജ് രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടു.

സിനിമയിൽ പൃഥ്വിരാജിന്‍റെ ഭാര്യയുടെ വേഷമാണ് അമല പോൾ ചെയ്യുന്നത്. ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്‍റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.

സിനിമയ്ക്കും കഥയ്ക്കും ലിപ്‌ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്‌ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അമല പോൾ പറഞ്ഞത്. ബ്ലെസിയാണ് ആടുജീവിതത്തിന്‍റെ സംവിധായകൻ. ആടൈ എന്ന തമിഴ് സിനിമയിലാണ് ഏറെ ഭാഗങ്ങളിൽ അമല നഗ്നയായി അഭിനയിച്ചത്.