ഇന്നസെന്റ് അന്തരിച്ച് കൃത്യം ഒരു മാസത്തിന് പിന്നാലെയാണ് മാമുക്കോയയും വിടപറയുന്നത്. പ്രിയ സുഹൃത്തിന്റെ മരണം മാമുക്കോയയെ കടുത്ത ദു:ഖത്തിൽ ആഴ്ത്തിയിരുന്നു. 2023 മാർച്ച് 26നാണ് ഇന്നസെന്റ് വിടപറയുന്നത്. ഇന്നിതാ ഒരു മാസത്തിനിപ്പുറം ഏപ്രിൽ 26ന് മാമുക്കോയയും വിടപറഞ്ഞിരിക്കുന്നു.
ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും സിനിമയിലെ വളർച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലായിരുന്നു. 1972-ലായിരുന്നു ഇന്നസെന്റിന്റെ ആദ്യ സിനിമ. മാമുക്കോയയുടേത് 1979-ലും.
എന്നാലും ഇരുവരുടെയും സുവർണ കാലഘട്ടം ആരംഭിച്ചത് 1980 മുതലായിരുന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ ഇരുവരും മത്സരിച്ച് അഭിനയിച്ചു.
തലയണമന്ത്രത്തിലെ ആശുപത്രിയിലെ രംഗവും ഗജകേസരിയോഗത്തിലെ ഹോട്ടലിലെ രംഗവും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കും.
പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാർ-അറബിക്കടലിന്റെ എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഒടുവിൽ ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും മടങ്ങുകയാണ്. മലയാളിക്കും എന്നും ഓർമിക്കാൻ ഒരുപാട് ഓർമകൾ സമ്മാനിച്ച്...