നടന്മാരായ ഷെയ്ന് നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ല. ലഹരി വിഷയത്തിൽ സർക്കാരിനു പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തന്നെ പറഞ്ഞിട്ടുണ്ട്.
രേഖാമൂലം പരാതി നല്കിയാല് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതത്വ ബോധത്തോടുകൂടി സിനിമാമേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നത്.
അവര്‍ക്കെതിരെ കുറേ ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു നടപടിയെടുത്തത്. മുന്നോട്ട് പോകട്ടെ എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം.
ലഹരിവിഷയത്തിലും നടപടി ഉണ്ടാകും. അവര്‍ പരിശോധിച്ച് തെളിവ് സഹിതമാണല്ലോ പറഞ്ഞത്. അല്ലാതെ ആരെങ്കിലും മയക്ക് മരുന്ന് ഉപയോഗിക്കുമെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് അതിനെ സംബന്ധിച്ച് വ്യക്തയുണ്ടെന്നും അതിനെ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമാണ് അവര്‍ അറിയിച്ചത്.
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. അക്കാര്യത്തില്‍ നടപടിയും സ്വീകരിക്കും. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ല. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കും ടെക്നീഷ്യന്മാര്ക്കും എല്ലാം സംഘടനയുണ്ട്. അങ്ങനെ സംഘടനകള്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് അതിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ലേ.
ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്തവരെ നമുക്കെന്ത് ചെയ്യാന്‍ കഴിയും. ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് മുന്നോട്ട് വയ്ക്കുന്ന നിയമാവലിക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം.
അത് നമ്മുടെ പൊതു നിയമത്തിന്റെ ഭാഗം കൂടിയാണല്ലോ. അതിന് വിധേയമാണ് എല്ലാവരും. അതിന് വിധേയമായി നിന്നാല്‍ മാത്രമേ ആ ഇൻഡസ്ട്രി രക്ഷപെടുകയുള്ളു. ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള പരാതികള്‍ മുമ്പ് ഉണ്ടായിട്ടില്ല. ഒരു കൂട്ടായ്മയുടെ കുറവ് സിനിമയില്‍ കാണുന്നുണ്ട്. സജി ചെറിയാന് പറഞ്ഞു.
സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നത്: സജി ചെറിയാൻ
12:31 PM Apr 26, 2023 | Deepika.com