കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതിൽ അഭിമാനമെന്ന് നടി നവ്യ നായർ. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നവ്യയുടെ കുറിപ്പ്. യുവം 2023 എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്.
യുവം പരിപാടിയിൽ പങ്കെടുത്തതിന് നവ്യയ്ക്കെതിരെ നിരവധി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. തൊട്ടുപിന്നാലെയാണ് താരം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മറുപടിയുമായി എത്തിയത്. നവ്യ പരിപാടിയിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്നും നവ്യയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നുമൊക്കെയായിരുന്നു ചിലരുടെ വിമർശനം.
ഇതിനിടെ നവ്യയുടെ പേരിൽ വ്യാജ വാർത്തയും പ്രചരിക്കുകയുണ്ടായി. അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം.
ഇങ്ങനെ നവ്യ പറഞ്ഞു എന്ന തരത്തിലുള്ള വാർത്താ ചാനലിന്റെ സ്ക്രീൻഷോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ആ ചാനൽ തന്നെ രംഗത്തെത്തുകയും ചെയ്തു.
യുവം 2023 വേദിയിൽ പ്രധാനമന്ത്രി എത്തുന്നതിന് മുൻപായി നവ്യയുടെ നൃത്തപരിപാടിയും അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ നവ്യ നായർക്കൊപ്പം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടി അപർണ ബാലമുരളി തുടങ്ങിയവരുമെത്തിയിരുന്നു.
പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതിൽ അഭിമാനം മാത്രം: വിമർശനങ്ങൾക്ക് നവ്യയുടെ മറുപടി
10:19 AM Apr 26, 2023 | Deepika.com