കുഞ്ചൻ നന്പ്യാരുടെ ജീവിതം ബിഗ് സ്ക്രീനിലേക്ക്

04:37 PM Nov 23, 2017 | Deepika.com
ഓട്ടം തുള്ളലിന്‍റെ ഉപജ്ഞാതാവായ കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാകുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതികളെ നർമത്തിൽ പൊതിഞ്ഞ് പരിഹസിച്ചിരുന്ന കുഞ്ചൻ നന്പ്യാരെ ബിഗ് സ്ക്രീനിൽ ആര് പകർന്നാടുമെന്ന കാര്യം വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്‍റെ ജീവിത കഥയുമായി ബന്ധമുള്ള അന്പലപ്പുഴ രാജാവ്, മാർത്താണ്ഡ വർമ, രാമയ്യൻ ദളവ, മാത്തൂർ പണിക്കർ, പടയണി മൂപ്പൻ, കുതിരപക്ഷി, മണക്കാടൻപള്ളി മേനോൻ, ചെന്പകം തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിലുണ്ടാകും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ആരൊക്കയെന്ന് വ്യക്തമല്ല.

"കാതിലോല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് എഴുത്തുകാരനും നാടകകൃത്തുമായ എം.സി.രാധാകൃഷ്ണനാണ്. കനക ദുർഗ ക്രിയേഷൻസിന്‍റെ ബാനറിൽ കെ.കെ.രാജഗോപാലും മോഹൻ ശങ്കറുമാണ് ചിത്രം നിർമിക്കുന്നത്.

ചന്ദ്രശേഖര മേനോൻ രചിക്കുന്ന ഗാനങ്ങൾക്ക് ഈണം പകരുന്നത് ജോയ് മാധവാണ്. കെ.പി.നന്പ്യാതിരിയാണ് ഛായാഗ്രാഹകൻ. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന കാതിലോല തിയറ്ററുകളിലെത്തിക്കുന്നത് ജാനകി സിനിമാക്സാണ്.