കാണാതെപോയ അച്ഛനെ കാത്തിരുന്ന മക്കൾക്ക് സാന്ത്വനത്തണലേകി ഡിഎംഎ

06:32 PM Jul 05, 2017 | Deepika.com
ന്യൂഡൽഹി : പെണ്‍മക്കൾക്ക് മാതാപിതാക്കൾ ഒരു ഭാരമാകുമോ ? വാർധക്യത്തിലെത്തിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ നാം വായിക്കാറുണ്ട്. എന്നാൽ അതിനു വിപരീതമായി ഇവിടെ മക്കൾക്കു ഭാരമാവാതിരിക്കാൻ സ്വയം നാടുവിട്ട എഴുപത്തെട്ടുകാരനായ ആർ. മിതാശയൻ എന്ന അച്ഛൻ മക്കളെയും ഭാര്യയേയും ദുഃഖത്തിലാഴ്ത്തിയ കഥയാണ് ആലപ്പുഴയിൽ സംഭവിച്ചത്.

ഡൽഹി മലയാളി അസോസിയേഷന്‍റെ സമയോചിതമായ ഇടപെടൽ മൂലം തങ്ങളുടെ എല്ലാമായ അച്ഛനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആലപ്പുഴ നെഹ്റു ട്രോഫി വാർഡിലെ ചിറയിൽ വീട്ടിൽ ദീപയും ദീപ്തിയും.

കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ അഞ്ചു മുതലാണ് അച്ഛനെ കാണാതാവുന്നത്. ആണ്‍മക്കളില്ലാത്ത മിതാശയൻ പെണ്‍മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ദൂരെയെവിടെയെങ്കിലുമുള്ള ഒരു വൃദ്ധസദനത്തിലെ അന്തേവാസിയാകുവാൻ ആലപ്പുഴയിൽ നിന്നും ഹസറത്ത് നിസാമുദിനിലേക്ക് ടിക്കറ്റെടുത്തു വണ്ടികയറി. ഒരു മുണ്ടും ഒരു ഷർട്ടും മാത്രമായിരുന്നു യാത്രയിലെ വേഷം. എന്തോ പന്തികേട് തോന്നിയ സഹയാത്രികനായ ചെറുപ്പക്കാരന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് അദ്ദേഹത്തെ കണ്ടുപിടിക്കുന്നതിന് തുണയായത്.

പി.എൽ. ലെനിൻ ആണ് ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ചന്ദ്രനോട് സഹായം അഭ്യർഥിച്ച് ഫോണ്‍ ചെയ്തത്. അദ്ദേഹം നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷനിലെ ഡ്യൂട്ടി ഇൻസ്പെക്ടർ ഗുൾജാർ സിംഗുമായി ബന്ധപ്പെടുകയും ഡിഎംഎയുടെ ഓഫീസ് സ്റ്റാഫായ ശിവൻ പിള്ളയെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് അയയ്ക്കുകയും ചെയ്തു. ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ പോലീസുകാരനോടൊപ്പം വിശ്രമിച്ചുകൊണ്ടിരുന്ന മിതാശയനുമായി ശിവൻ പിള്ള സംസാരിക്കുകയും മകൾ ദീപ്തിയെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. അല്പസ്വല്പം പിടിവാശിക്കാരനായ മിതാശയൻ വീട്ടിലേക്ക് മടങ്ങാനോ പിന്നീടെത്തിയ ബന്ധുവിനൊപ്പം പോകാനോ കൂട്ടാക്കിയില്ല. റെയിൽവേ പോലീസ് ആവശ്യപ്പെട്ട രേഖകൾ കൈമാറി ഡിഎംഎ മിതാശയന്‍റെ ഉത്തരവാദിത്വമേറ്റെടുക്കുകയും ശിവൻ പിള്ള അദ്ദേഹത്തെ അനുനയിപ്പിച്ചു ബന്ധുവായ റെജിമോനോടൊപ്പം പറഞ്ഞയച്ചു. ജൂലൈ ആറിന് മിതാശയനെ നാട്ടിൽ നിന്നും മക്കളെത്തി കൂട്ടിക്കൊണ്ടു പോകും.

സംഭവം അറിഞ്ഞ് ഡിഎംഎ വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ഇന്േ‍റണൽ ഓഡിറ്റർ ഷാജി, ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ സെക്രട്ടറി ശാന്തകുമാർ എന്നിവർ നിസാമുദ്ദിൻ സ്റ്റേഷനിലെത്തിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി