സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ "ആടുജീവിതം' സിനിമയുടെ ട്രെയിലർ ചോർന്നതായി സംശയം. 'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ ട്രെയിലർ ഭാഗങ്ങളാണ് ലീക്കായത്. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയ്ലറിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
അതേസമയം, ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രിവ്യൂ ട്രെയിലർ പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് വിശദീകരണം. പ്രിവ്യു പതിപ്പ് ലീക്ക് ചെയ്തതോടെ ട്രെയിലറിന്റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
യൂട്യൂബിൽ വന്നിട്ടുള്ള ആടുജീവിതം ട്രെയിലർ ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്ലൈൻ എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.’’–തിരക്കഥാകൃത്ത് ബെന്യാമിൻ പറഞ്ഞു.
പൂജ റിലീസായി ഒക്ടോബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ബന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോൾ ആണ് നായിക