കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്ശന് തുഗുദീപയും ബി.ജെ.പിയിലേയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കിച്ച സുദീപും ദര്ശന് തുഗുദീപയും ബി.ജെ.പിയ്ക്കായി ക്യാംപെയ്ന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മെയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണൽ നടക്കും. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്.
കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ് കിച്ച സുദീപ്. ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയ അദ്ദേഹം 1997ൽ തയവ്വ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.
സ്പർശ, ഹുച്ച, സ്വാതി മുത്തു, ഈഗ, മൈ ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത വിക്രാന്ത് റോണയാണ് കിച്ച സുദീപ് നായകനായി എത്തിയ അവസാന ചിത്രം. ഈയടുത്ത് റിലീസ് ചെയ്ത ഉപേന്ദ്ര നായകനായെത്തിയ കബ്സയില്‍ കിച്ച സുദീപ് അതിഥിവേഷത്തിലെത്തിയിരുന്നു.
ആക്ഷൻ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ദർശൻ തൂഗുദീപ്. 2001ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സാരഥി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കർണാടക സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
ബിജെപിക്ക് താരപകിട്ട്; നടൻമാരായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ
11:53 AM Apr 05, 2023 | Deepika.com