രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ ടീം. 77 ദിവസം നീണ്ട ഷെഡ്യൂളാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനായി രാജസ്ഥാനിൽ പൂർത്തിയായത്.
ഇതോടെ ചിത്രത്തിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മെയ് മാസമാണ് മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കുക. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആണ് ലൊക്കേഷൻ. അവസാന ഷെഡ്യൂള്‍ ആയിരിക്കും ഇത്.
രാജസ്ഥാനില്‍ നിന്ന് തിരിക്കുന്ന മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുകയാകും ഈ മാസം. മെയ് അവസാനത്തോടെ വാലിബന് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. ശേഷം 4-5 മാസത്തെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആകും ചിത്രത്തിന് ഉണ്ടാകുക.
ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റ് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം.
മലൈക്കോട്ടൈ വാലിബൻ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായി; ഒരു മാസം അവധി ആഘോഷിക്കാൻ മോഹൻലാൽ
03:47 PM Apr 04, 2023 | Deepika.com