കായികരംഗത്ത് നിരവധി താരങ്ങളെ സമ്മാനിച്ച പാലായുടെ മണ്ണില്‍നിന്നു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഒരു സംവിധായകന്. ഈസ്റ്റര്‍-വിഷു ചിത്രമായി റിലീസ് ചെയ്യുന്ന എന്താടാ...സജി എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് പാലാ സ്വദേശി ഗോഡ്ഫി സേവ്യര്‍ ബാബു.
ഓട്ടവും ചാട്ടവും ഗുസ്തിയും ജിംനേഷ്യവുമൊക്കെയായി നടന്ന സ്പോര്‍ട്സ് മാനേജ്മെന്റില്‍ എംബിഎ ബിരുദാനന്തര ബിരുദം കഴിഞ്ഞ് അഡ്വര്‍ടൈസ്മെന്റ് കമ്പനിയിലെ ജോലി രാജിവച്ചതിനു ശേഷമാണ് ഗോഡ്ഫി സിനിമാരംഗത്തേക്ക് എത്തുന്നത്.
നാടക രചനയിലും അഭിനയത്തിലും സജീവമായിരുന്ന പിതാവ് ബാബു സേവ്യറിനെ പിന്തുടര്ന്നാണ് രചന, സംവിധാന മേഖലകളിലേക്ക് ഗോഡ്ഫി എത്തുന്നത്. പഠന ശേഷമാണ് സിനിമാ ലോകത്തേക്ക് തിരിയുന്നത്.
കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് 2016-ല്‍ ആദ്യ ഷോര്‍ട്ട് ഫിലിം ട്രോളന് പുറത്തിറങ്ങി. തുടര്‍ന്ന് വല്യടീച്ചര് എന്ന പേരില്‍ ഒരു സ്കൂളിനു വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കി. തുടര്‍ന്ന് സിനിമയുടെ കഥയെഴുത്ത് ആരംഭിച്ചു. കഥയുമായി ഗോഡ്ഫി എത്താത്ത നിര്‍മാതാക്കളില്ല. എല്ലാവരും കഥ കേട്ടെങ്കിലും കൈയൊഴിഞ്ഞു. കന്നടയിലും തെലുങ്കിലും തമിഴിലും വരെ ഈ പരിശ്രമങ്ങള്‍ നീണ്ടു.
ഒടുവില്‍ 2019-ല്‍ മലയാളത്തില്‍ നിന്ന് ഓഫര്‍ എത്തി. താരങ്ങളെ വരെ സമീപിച്ചെങ്കിലും അവസാന നിമിഷം നിര്‍മാതാവ് പിന്‍വാങ്ങിയതോടെ ആ മോഹവും പൂവണിഞ്ഞില്ല. കഥ മാറി പരീക്ഷിച്ച് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
കൊറോണക്കാലത്ത് എഴുത്തും മറ്റും നിര്‍ത്തി വീട്ടില്‍ തന്നെ കൂടിയെങ്കിലും 2020 പകുതിയായപ്പോള്‍ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ വിളി ഗോഡ്ഫിയെ തേടിയെത്തി. പഴയ കഥയുമായി എത്താനായിരുന്നു ആ കോള്‍. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി. സിനിമയ്ക്കു പേരുമിട്ടു. എന്താടാ സജി എന്നായിരുന്നു പേര്.
ജയസൂര്യ, കൂഞ്ചാക്കോ ബോബന്, നിവേദ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊടുപുഴയിലും പരിസര പ്രദേശത്തുമായിരുന്നു ഷൂട്ടിംഗ്. കപ്പേളയ്ക്കു മുമ്പില്‍ പതിവായി പ്രാര്‍ഥിക്കുന്ന യുവതിക്ക് മുന്നില്‍ പുണ്യാളന് പ്രത്യക്ഷപ്പെടുന്നതും അത് യുവതിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥയുടെ സാരം.
ചെറിയ തമാശകളും കാര്യങ്ങളുമായി അവസാന നിമിഷം വരെ ആസ്വദിക്കാവുന്ന ഫുള്‍ ഫാമിലി മൂവിയാണിത്. സിദ്ധാര്‍ഥ് ശിവ, പ്രേം പ്രകാശ്, സെന്തില്‍കൃഷ്ണ, ആര്യ, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു.
തന്റെ ആദ്യ സിനിമ അടുത്തയാഴ്ച തിയറ്ററിലെത്തുന്ന ത്രില്ലിലാണ് നവസംവിധായകന് ഗോഡ്ഫി. പാലാ മാര്‍ക്കറ്റ് ജംഗ്ഷനു സമീപമാണ് ഗോഡ്ഫിയുടെ താമസം. പിതാവ് പരേതനായ ബാബു സേവ്യര്‍, അമ്മ സോഫിയ ബാബു. ആദ്യ സിനിമ തിയറ്ററിലെത്തുന്നതിനു മുമ്പു തന്നെ അടുത്ത സിനിമയുടെ പണിപ്പുരയിലേക്കു കടന്നിരിക്കുകയാണ് ഗോഡ്ഫി.
ജിബിന്‍ കുര്യന്