നോയിഡ: നോയിഡയിൽ സോഫ്റ്റ്വെയർ എൻജിനിയറായ യുവതി വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ നോയിഡ ശതാബ്ദി റെയിൽ വിഹാർ സൊസൈറ്റിയിലായിരുന്നു സംഭവം. സെക്ടർ 63 ൽ ലാവ മൊബൈൽ കമ്പനിയിലെ ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് (23) കൊല്ലപ്പെട്ടത്. കൊലയ്ക്കുപിന്നിൽ കാമുകനാണെന്നാണ് പോലീസ് കരുതുന്നത്.
ഹരിയാന യമുന നഗർ സ്വദേശിനിയായ അഞ്ജലി കഴിഞ്ഞ ജൂണിലാണ് ജോലിക്കായി നോയിഡയിൽ എത്തിയത്. ഇവരുടെ താമസസ്ഥലത്തെ പാർക്കിംഗ് ഏരിയായിൽവച്ചാണ് വെടിയേറ്റത്. ഉടനെതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ജലി താമസിക്കുന്ന ഫ്ളാറ്റിൽ ഇവർക്കൊപ്പം ആറു പെൺകുട്ടികൾകൂടിയുണ്ട്. രാവിലെ ഒരാൾ അഞ്ജലിയെ ഫോൺ ചെയ്യുകയും ഇവർ വാതിൽ തുറന്ന് ഇയാൾക്കൊപ്പം പുറത്തിറങ്ങുകയും ചെയ്തു. താഴെ എത്തിയപ്പോഴാണ് അഞ്ജലിക്ക് വെടിയേറ്റത്. അഞ്ജലി വെടിയേറ്റു കിടക്കുന്ന വിവരം കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചത്. തുടർന്നു സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അഞ്ജലിയെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോയിഡയിൽ ടെക്കി യുവതി വെടിയേറ്റ് മരിച്ചു
08:00 PM May 31, 2017 | Deepika.com