ഓസ്കർ ജേതാവ് കീരവാണിക്ക് അഭിനന്ദനവുമായി കാർപെന്റേഴ്സ് ബാൻഡ്. ബാൻഡിലെ റിച്ചാർഡ് കാർപെന്റാണ് ഓസ്കർ ജേതാക്കൾക്ക് ആശംസയുമായെത്തിയത്. കീരവാണിക്കും ചന്ദ്രബോസിനും ആശംസകൾ അറിയിച്ചത് പ്രശസ്ത ഗാനമായ ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡിന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടിയാണ്.
നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുകയാണ്. നിങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ചെറിയൊരു സമ്മാനമിതാ’ എന്നു കുറിച്ചുകൊണ്ടാണ് റിച്ചാർഡ് വിഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ എസ്.എസ്.രാജമൗലിയും കീരവാണിയും രംഗത്തെത്തി. ഓസ്കര് ക്യാംപയ്നിന്റെ ഇടയിൽ പോലും എന്റെ സഹോദര തുല്യൻ കീരവാണി വളരെ ശാന്തനായിരുന്നു.
പുരസ്കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ടപ്പോൾ മുതല്‍ അദ്ദേഹത്തിനു കണ്ണുനീര് നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന് അവിസ്മരണീയ നിമിഷമാണ്, എന്നാണ് രാജമൗലി കുറിച്ചത്.
ഇത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് കണ്ണീരടക്കാനാകുന്നില്ലെന്നുമാണ് കീരവാണിയുടെ പ്രതികരണം. ഈ പ്രപഞ്ചത്തില്‍ ഇതിലും മികച്ച മറ്റൊരു സമ്മാനം തനിക്കു കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കാർപെന്റേഴ്സിന്റെ പാട്ടു കേട്ടു വളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു’ എന്ന് പുരസ്കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. 1970- 80 കാലഘട്ടങ്ങളിൽ ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡാണ് കാർപെന്റേഴ്സ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററുംചേർന്ന് 1968 ലാണ് കാർപെന്റേഴ്സ് ബാൻഡ് രൂപീകരിച്ചത്.
നാട്ടു നാട്ടുവിന് അഭിനന്ദനവുമായി "കാർപെന്റേഴ്സ്'; കണ്ണീരടക്കാനാകുന്നില്ലെന്ന് കീരവാണി
03:42 PM Mar 16, 2023 | Deepika.com