ജനപ്രിയ സംവിധായകരായ വൈശാഖും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു മാസ്സ് ആക്ഷൻ കോമഡി എന്റർടെയ്ന്മെന്റ് ചിത്രമായിരിക്കും ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് വാർത്ത. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പൃഥ്വിരാജ് നായകനായ ഖലീഫ എന്ന ചിത്രം വൈശാഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംപുരാൻ സിനിമയുടെ തിരക്കുകളിലേക്ക് പൃഥ്വി കടന്നതിനാൽ ഖലീഫ അടുത്ത വർഷമാകും ആരംഭിക്കുക.
ആട് സീരീസ്, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.
ജയസൂര്യയുടെ ടർബോ പീറ്റർ, ആട് മൂന്നാം ഭാഗം, ആറാം പാതിരാ തുടങ്ങിയ സിനിമകളാണ് മിഥുന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.
മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖിന്റെ സംവിധാനം; നായകനായി മമ്മൂട്ടി?
12:12 PM Mar 06, 2023 | Deepika.com