സിനിമയിൽ അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ട്: സൊനാക്ഷി സിൻഹ

11:04 AM Feb 25, 2023 | Deepika.com

ബോളിവുഡിലെ പ്രമുഖ നടിയാണ് സൊനാക്ഷി സിന്‍ഹ. നടന്‍ ശത്രുഘ്നന്‍ സിൻഹയുടെ മകൾ കൂടിയായ സൊനാക്ഷി 2010 ലാണ് നായികയായി അരേങ്ങറ്റം കുറിക്കുന്നത്. ആദ്യ സിനിമയായ ദബാംഗില്‍ സല്‍മാന്‍ ഖാന്‍റെ നായികയായാണ് അഭിനയിച്ചത്.

‌അരങ്ങേറ്റ ചിത്രം തന്നെ വിജയമായതോടെ സൊനാക്ഷിയും പ്രശസ്തിയിലേക്ക് വളര്‍ന്നു. മികച്ച പുതുമുഖത്തിനുള്ള നിരവധി അവാര്‍ഡുകള്‍ നേടി കൊണ്ടാണ് സൊനാക്ഷി കരിയറിന് തുടക്കം കുറിച്ചത്.

എന്നാല്‍ എത്രയൊക്കെ നേടിയാലും സൊനാക്ഷിയുടെ കരിയര്‍ അധികനാൾ മുന്നോട്ട് പോവില്ലെന്ന് പറഞ്ഞവരുണ്ട്. ഇതേക്കുറിച്ച് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ആളുകള്‍ എന്തിനാണ് അങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.

"കരിയർ ആരംഭിക്കാന്‍ പോവുന്ന ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നല്‍കുന്ന വാക്കുകളായിരുന്നു അതൊക്കെ. ആ സമത്ത് അത് വളരെ യാദൃശ്ചികമായിരുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യങ്ങളൊന്നും ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല.

അതിന് പകരം എന്‍റെ ജോലി എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഇത്തരം പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അതാണ് ഏക പോംവഴിയെന്നും മനസിലായി.എന്തായാലും എന്‍റെ ആ തീരുമാനം ശരിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകള്‍ എന്നെ കുറിച്ച് പറഞ്ഞിരുന്നത് അവസാനിപ്പിച്ചു'- സൊനാക്ഷി പറയുന്നു.

ദബാംഗിന്‍റെ രണ്ടും മൂന്നും ഭാഗങ്ങളില്‍ നായികയായി സൊനാക്ഷി തന്നെയാണ് അഭിനയിച്ചത്. ഈ സിനിമകളെല്ലാം വിജയിച്ചതിന് പുറമേ ബോളിവുഡില്‍ കൈനിറയെ അവസരങ്ങളാണ് നടിയെ തേടി എത്തിയത്. ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ആദ്യ സിനിമയിലെ നായകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാനുമായി നല്ല അടുപ്പും കാത്തുസൂക്ഷിക്കാന്‍ സൊനാക്ഷിക്ക് സാധിച്ചിരുന്നു.

സല്‍മാനൊപ്പം പിന്നീടും സിനിമകളുടെ ഭാഗമാവാന്‍ സൊനാക്ഷിക്കു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഡബിള്‍ എക്സ്എല്‍ എന്ന ചിത്രത്തിലാണ് സോനാക്ഷി അഭിനയിച്ചത്. കഴിഞ്ഞ നവംബറിലാണ് ഈ സിനിമ റിലീസ് ചെയ്തത്. കക്കൂഡ എന്നൊരു സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിന് പുറമേ മറ്റൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.