"ആ രംഗത്തിൽ അഭിനയിച്ചതോടെ അച്ഛൻ എന്നോടു മിണ്ടാതെയായി'

10:58 AM Feb 25, 2023 | Deepika.com

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശില്‍പ ഷെട്ടി. ശില്‍പയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ശിൽപയുടെ സഹോദരി ഷമിത ഷെട്ടിയും. എന്നാല്‍ ചേച്ചിയെപ്പോലെ വലിയൊരു താരമാകാന്‍ ഷമിതയ്ക്ക് സാധിച്ചില്ല. എങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ ഷമിതയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ബിഗ് ബോസ് മത്സരാര്‍ഥിയായും ഷമിത കൈയടി നേടിയിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ഷമിതയുടെ പ്രണയ ഗോസിപ്പുകളും ബോളിവുഡില്‍ സജീവമാണ്. നടന്‍ ആമിര്‍ അലിയും ഷമിതയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിൽ പറഞ്ഞിരുന്നത്. ഇരുവരേയും ഒരുമിച്ച് നിരവധി പാര്‍ട്ടികളിലും മറ്റും കണ്ടിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്‍റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കു വയ്ക്കുകയാണ് ഷമിത ഷെട്ടി. ആദ്യ സിനിമയായ മുഹബത്തേനില്‍ ഉദയ് ചോപ്രയ്ക്കൊപ്പമുള്ള ചുംബനരംഗം ചെയ്തതിന് അച്ഛന്‍ എന്നോടു പിണങ്ങി. ഒരു മാസത്തോളം എന്നോട് അച്ഛൻ സംസാരിച്ചിരുന്നില്ല.

എന്നാല്‍ പിന്നീട് അത്തരം ഇന്‍റിമേറ്റ് രംഗങ്ങള്‍ ബോളിവുഡില്‍ പതിവായതോടെ അച്ഛന്‍ കാര്യങ്ങള്‍ മനസിലാക്കി. അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ളതിനാല്‍ അദ്ദേഹം പിണങ്ങിയിരുന്നത് എനിക്ക് വലിയ സങ്കടമായിരുന്നു.

സോഷ്യല്‍ മീഡിയയിൽ എനിക്കെതിരേ വരുന്ന മോശം കമന്‍റുകള്‍ വായിക്കാറുണ്ട്. എനിക്ക് കല്യാണ പ്രായം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വേഗം തന്നെ വിവാഹം കഴിച്ച് സെറ്റില്‍ ആവണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജോലി ചെയ്യുന്നത് മതിയാക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ചിലർ ഉപദേശിക്കുന്നു.

ഒരു നടിയാകാന്‍ തീരുമാനിച്ചതോടെ ഒരിക്കലും സ്വയം വിശദീകരിക്കുകയോ പരാതിപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് തുടക്കത്തില്‍ തന്നെ ശില്‍പ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ജീവിതത്തില്‍ ഏറെ മൂല്യം നല്‍കുന്നത് ഈ വാക്കുകള്‍ക്കാണ്. എന്നെക്കുറിച്ചുള്ള ഗോസിപ്പുകളില്‍ സ്വയം ചിരിച്ചു പോകുന്നത് എന്‍റെ പ്രണയ ഗോസിപ്പുകളാണെന്നും ഷമിത പറയുന്നു.