സിനിമ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. പൂനമല്ലി എന്ന സ്ഥലത്തെ ലൊക്കേഷനിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മതിൽതകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഭാരമേറിയ ട്രക്ക് മതിൽ തകർത്ത് ക്യാമറ ലക്ഷ്യമാക്കി അതിവേഗത്തിൽ പാഞ്ഞുവരുന്നതും വിഡിയോയിൽ കാണാം. വാഹനത്തിന്റെ മുന്നിൽ നിന്നും വിശാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
ആര്‍ക്കും പരുക്കേറ്റിട്ടില്ല. ദൈവത്തിന് നന്ദിയെന്നും ഏതാനും സെക്കൻഡുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തിലാണ് തനിക്ക് ജീവന് തിരിച്ച് കിട്ടിയതെന്നും ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ലോറിക്കടിയിൽപെട്ട് ചതഞ്ഞരഞ്ഞേനെയെന്നും വിഡിയോ പങ്കുവച്ച് വിശാൽ ട്വീറ്റ് ചെയ്തു.
ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ, എസ്.ജെ. സൂര്യ, സുനിൽ എന്നിവരാണ് പ്രധാന താരങ്ങൾ.
ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ദേഹത്ത് ലോറി കയറി കയറിയിറങ്ങിയേനെ; വീഡിയോ പങ്കുവച്ച് വിശാൽ
11:29 AM Feb 23, 2023 | Deepika.com