മലയാളസിനിമയിലെ ആദ്യ നായിക പി.കെ. റോസിക്ക് ആദരവുമായി ഗൂഗിൾ. നടിയുടെ 120-ാം ജൻമദിനത്തിലാണ് ഡൂഡിൽ ഇമേജിലൂടെ ഗൂഗിൾ ആദരമർപ്പിച്ചത്. 1930 നവംബര്‍ ഏഴിന് റിലീസായ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു റോസി.
ജെ.സി. ഡാനിയേൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ദളിത് ക്രിസ്റ്റ്യൻ വിഭാഗത്തില്‍ നിന്നെത്തിയ റോസി മലയാളത്തിലെ ആദ്യ നായികയായി. എന്നാൽ ജാതിഭ്രാന്തന്മാരില് നിന്ന് അതിക്രൂരമായ പീഡനങ്ങൾ റോസിക്ക് നേരെയുണ്ടായി.
ഒടുവിൽ ആദ്യ ചിത്രം പ്രദര്ശിപ്പിക്കപ്പെട്ടപ്പോള് തന്നെ നാട്ടില്‍ നിന്ന് അപമാനിതയായി പോകേണ്ടി വന്ന റോസിയാണ് ഇന്നത്തെ മലയാള സിനിമയുടെ നെടുംതൂൺ.സിനിമയില്‍ ഒരു സവര്‍ണ കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്.
ദളിത് വിഭാഗത്തില്‍പ്പെട്ട റോസി സവര്‍ണരുടെ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നായികയായി സിനിമയില്‍ എത്തിയത് അവരെ അസ്വസ്ഥരാക്കി. കലിയടങ്ങാതെ ചിലര്‍ റോസിയുടെ കുടിലിന് തീയിട്ടു.
പിന്നീട് ഇവരുടെ പീഡനങ്ങളിൽ പൊറുതിമുട്ടി തമിഴ്നാട്ടിലേക്ക് പോയി. 1988ൽ റോസി ഈ ലോകത്തു നിന്നും വിടവാങ്ങി. മലയാളത്തിന്റെ ആദ്യ നായികയുടെ ഓർമപ്പെടുത്തലുകൾക്ക് വേണ്ടികൂടിയാണ് ഡൂഡിലിന്റെ ഇമേജ് ഇന്ന് എല്ലാവരിലേക്കും എത്തുക.