നീണ്ട 14 വർഷങ്ങൾക്ക് ശേഷം വിജയ്യുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരി തൃഷ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന ചിത്രത്തിനായിട്ടാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്.
ഇരുവരും ഒന്നിച്ചെത്തുന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. പൊന്നിയിൻ സെൽവൻ 2, ജീത്തു ജോസഫ്–മോഹൻലാൽ ചിത്രം റാം എന്നിവയാണ് തൃഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
മലയാളത്തിൽ നിന്നും മാത്യു തോമസും ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തും തമിഴ് ആക്ഷൻ ഹീറോ അര്ജുന്, സംവിധായകരായ ഗൗതം മേനോന്, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മന്‍സൂര്‍ അലിഖാന്, പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ദളപതി 67 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഗ്യാംഗ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാഷ്മീരാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായിരിക്കും ഇത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.
ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ വിജയിയുടെ നായികയായി തൃഷ; ഒന്നിക്കുന്നത് 14 വർഷത്തിന് ശേഷം
03:27 PM Feb 01, 2023 | Deepika.com