മാവോയിസ്റ്റ് ബന്ധം: ഡൽഹി സർവകലാശാല പ്രഫസർക്ക് ജീവപര്യന്തം തടവ്

01:50 PM Mar 08, 2017 | Deepika.com
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡൽഹി സർവകലാശാല പ്രഫസർക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത പ്രഫസർ ജി.എൻ.സായിബാബ ഉൾപ്പെടെ ആറു പേർക്കാണ് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ജെഎന്‍യു വിദ്യാർഥി ഹേം മിഷ്ട, മാധ്യമപ്രവർത്തകൻ പ്രശാന്ത് രാഹി, വിജയ് ടിർകി, പാണ്ഡു നരോട്ടെ എന്നിവരാണ് തടവിനു ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ.

യുഎപിഎ കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്തു, മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ സായിബാബയ്ക്കുമേൽ പോലീസ് ആരോപിക്കുന്നു. സായിബാബയുടെ വീട്ടിൽനിന്നു പ്രധാന രേഖകളും വിവരങ്ങളടങ്ങിയ പെൻഡ്രൈവുകൾ കണ്ടെടുത്തതായി പോലീസ് കോടതിയിൽ മൊഴി നൽകി.

2014ലാണ് സായിബാബ അറസ്റ്റിലായത്. 2015 ജൂലൈയിൽ ജാമ്യം ലഭിച്ചു. 2015 ഓഗസ്റ്റിൽ നാഗ്പുർ കോടതി ജാമ്യം റദ്ദാക്കി ഇദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. അറസ്റ്റിനു പിന്നാലെ അംഗപരിമിതനായ സായിബാബയെ സർവകലാശാലയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.