മമ്മൂട്ടി നായകനായി റോബി രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കണ്ണൂർ സ്ക്വാഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, കാതൽ, റോഷാക്ക് എന്നീ ചിത്രത്തിന് ശേഷം മമ്മൂട്ടി കന്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്.
പുതിയ ചിത്രത്തിന്റെ പേര് മമ്മൂട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
കണ്ണൂര്‍ സ്ക്വാഡ്, ക്രിസ്റ്റഫര്‍, കാതല്‍ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്.
മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജാണ്. കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.
മമ്മൂട്ടി കന്പനിയുടെ പുതിയ ചിത്രം; കണ്ണൂർ സ്ക്വാഡ്
10:45 AM Jan 28, 2023 | Deepika.com