വിൽക്കാനുണ്ട് സ്വപ്നങ്ങൾ: നാൽപതാം വാർഷികം ആഘോഷമാക്കാൻ പ്രവാസി മലയാളികൾ

01:37 PM Jan 24, 2023 | Deepika.com

ഗൾഫിൽ ആദ്യമായി ചിത്രീകരിച്ച ആദ്യമലയാള ചലച്ചിത്രം വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ നാൽപതാം വാർഷികം ആഘോഷിക്കാനൊരുങ്ങി പ്രവാസി മലയാളികൾ. പ്രവാസജീവിതത്തിന്‍റെ വിഹ്വലതകൾ അടയാളപ്പെടുത്തിയ ചിത്രത്തിന്‍റെ തിരക്കഥ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരും സംവിധായകൻ ആസാദും ആയിരുന്നു.

എഴുപതുകളുടെ തുടക്കത്തിലാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് വലിയ സ്വപ്നങ്ങളുമായി ഗൾഫ് നാടുകളിലേക്ക് ചേക്കേറാൻ തുടങ്ങിയത്. ഈ കാലഘട്ടത്തിൽ തന്നെയാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ ആശയവുമായി എംടിയും ആസാദും ഗൾഫിൽ എത്തുന്നത്. ഒരുപാട് ചർച്ചകൾക്കും ലൊക്കേഷൻ സന്ദർശനത്തിനും ഒടുവിലാണ് ദുബായ്, ഷാർജ എന്നിവിടങ്ങളായി ചിത്രീകരിച്ചത്.

മറുനാടൻ ഫിലിംസിന്‍റെ ബാനറിൽ വി.ബി.കെ. മേനോൻ ആണു സിനിമ നിർമിച്ചത്. സുകുമാരൻ, ബഹദൂർ, സുധീർ, ശ്രീവിദ്യ, ജലജ, ശ്രീനിവാസൻ, നെല്ലിക്കോട് ഭാസ്കരൻ, ശാന്താദേവി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയ്ക്ക്. എപ്പോഴും മദ്യപിച്ചു നടക്കുന്ന മേലേപ്പറന്പിൽ മാധവൻ എന്നൊരു തോണിക്കാരന്‍റെ കഥാപാത്രത്തെയാണ് ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ചത്.



രാമചന്ദ്രബാബുവാണ് ഈ സിനിമയ്ക്കായി കാമറ ചലിപ്പിച്ചത്. ആറ്റക്കോയ പള്ളിക്കണ്ടിയായിരുന്നു പ്രൊഡക്ഷൻ കോർഡിനേറ്റർ. മികച്ച തിരക്കഥയ്ക്കും ചിത്രസന്നിവേശത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രമായിരുന്നു വിൽക്കാനുണ്ട് സ്വപ്നങ്ങൾ.

ഒരു മലയാളസിനിമ ആദ്യമായി ഗൾഫ് നാടുകളിൽ ചിത്രീകരിക്കുന്പോൾ മലയാളികൾ കാണിച്ച ആവേശവും പിന്തുണയും വലുതാണെന്നു സിനിമ വിജയത്തിലേക്കു കുതിക്കുന്പോൾ അന്ന് തിരക്കഥാകൃത്ത് എംടി അഭിപ്രായപ്പെട്ടിരുന്നു.