ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി നായകനായ കൈതിയുടെ ഹിന്ദി റീമേക്കിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയുടെ പേര് ഭോല എന്നാണ്.
ത്രിഡിയിൽ പുറത്തിറങ്ങുന്ന ചിത്രം മാർച്ച് 30ന് റിലീസിനെത്തും. ചിത്രത്തില്‍ അജയ് ദേവ്ഗൺ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. നരേൻ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രമാണ് ഹിന്ദിയിൽ തബു അവതരിപ്പിക്കുക.
കൈതിയുടെ കഥയിൽ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.