ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് എആർഎം (അജയന്റെ രണ്ടാം മോഷണം). ടൊവീനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും.
മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിലെ കള്ളൻ മണിയൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചോതിക്കാവിലെ കള്ളൻ മണിയനെ അനാവരണം ചെയ്യുന്നു എന്നാണ് പോസ്റ്ററിനൊപ്പം അണിയറക്കാർ കുറിച്ചത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ദിപു നൈനാൻ തോമസാണ്. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
60 കോടി ബജറ്റിൽ ടൊവീനോയുടെ അജയന്റെ രണ്ടാം മോഷണം; കള്ളൻ മണിയന്റെ ഫസ്റ്റ് ലുക്ക്
11:51 AM Jan 21, 2023 | Deepika.com