സംവിധായകൻ അമൽ നീരദിനൊപ്പം ബിഗ് ബി എന്ന ചിത്രം ചെയ്തതിനെപറ്റി ഓർത്തെടുത്ത മമ്മൂട്ടി. ഫോർ ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ സിഡി കൈയിൽ തന്നിട്ട് ഇതാണ് ബിഗ് ബിയുടെ ബേസ് എന്നു പറഞ്ഞുവെന്നും ഫോട്ടോഗ്രാഫർ ആയതിനാലാണ് തനിക്ക് അമൽ നീരദിനെ ഇഷ്ടമായതെന്നും മമ്മൂട്ടി പറയുന്നു.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് മമ്മൂട്ടി അമൽ നീരദിനെ കുറിച്ച് പറയുന്നത്.
അമല്‍ നീരദ് ഒരു സിഡിയാണ് എന്റെ കൈയില്‍ കൊണ്ടുത്തന്നത്. ഫോര്‍ ബ്രദേഴ്സ് എന്ന സിനിമയുടെ സിഡി. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു. അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്.
മലയാളത്തില്‍ ഇപ്പോള്‍ നമ്മള് കാണുന്ന ഒരു ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലിന്റെ ആ സിനിമയിലൂടെയാണ്. അമലിന്റെ ശിഷ്യന്മാരാണ് പിന്നീട് മലയാള സിനിമയുടെ ഛായാഗ്രഹണത്തില്‍ മാറ്റം വരുത്തിയത്.
ഫോട്ടോഗ്രഫി, സിനിമയെക്കുറിച്ചുള്ള സമീപനം, സങ്കല്പങ്ങള് ഒക്കെ കൊണ്ടാണ് അമല്‍ നീരദിനെ ഇഷ്ടപ്പെട്ടത്. സൗത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്ലേവര്‍ ഉള്ള സിനിമ.
ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരം ഒരു സിനിമ മലയാളത്തില്‍ എടുക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ നമ്മള് അതില്‍ ഉണ്ടാവണ്ടേ എന്ന് തോന്നിയിട്ടാണ് ബിഗ് ബിയിലേക്ക് വരുന്നത്. മമ്മൂട്ടി പറയുന്നു.
2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയ്ക്ക് ശേഷം ഭീഷ്മ പർവത്തിലാണ് പിന്നീട് മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ചത്. മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം ജനുവരി 19നാണ് തിയറ്ററിലെത്തുന്നത്.
അമൽ നീരദ് ഒരു സിനിമയുടെ സിഡി തന്നിട്ട് പറഞ്ഞു ഇതാണ് ബിഗ് ബിയുടെ ബേസ്: മമ്മൂട്ടി
11:55 AM Jan 17, 2023 | Deepika.com