എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ആസ്വാദിക്കാത്ത ഇന്ത്യൻ സംഗീത പ്രേമികൾ കുറവായിരിക്കും. എം.എം. കീരവാണി സംഗീതം പകർന്ന നാട്ടു നാട്ടു എന്ന ഗാനം 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൊണ്ടുവന്നിരിക്കുന്നു. അഭിമാനത്തിന്റെ നെറുകയിൽ ഓരോ ഇന്ത്യക്കാരനും എത്തുന്ന നിമിഷം.
കാലഭൈരവയുടെയും രാഹുൽ സിപ്ലിഗുഞ്ജയുടെയും മനോഹരമായ ശബ്ദത്തിൽ ആ ഗാനം പ്രേക്ഷക ഹൃദയം കീഴ്പെടുത്തി ഗോൾഡൻ ഗ്ലോബിലെ ഒർജിനൽ സോംഗ് വിഭാഗത്തിൽ പുരസ്കാരം നേടിയിരിക്കുന്നു. 2009ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ ജയഹേ എന്ന ഗാനത്തിന് എ.ആർ.റഹ്മാനാണ് ഇതിനു മുൻപ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്.
ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന് നേടിയിരുന്നത്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളായാണ് രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തിലെത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
ലോകത്തിന്റെ നെറുകയിൽ മുത്തമിട്ട് ആർആർആർ; അഭിമാനമായി "നാട്ടു നാട്ടു'
08:55 AM Jan 11, 2023 | Deepika.com