ആക്ഷൻ മാസ് രംഗങ്ങളുമായി പ്രേക്ഷകരെ കോരിത്തരിപ്പിച്ച് തുനിവ് ട്രെയിലർ പുറത്തിറങ്ങി. ഗംഭീര പ്രകടനവുമായിട്ടാണ് അജിത്തും മഞ്ജു വാര്യരും എത്തുന്നതെന്ന് ട്രെയിലറിൽ വ്യക്തമാണ്. ഒരു ബാങ്ക് കൊള്ളയടിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.
അജിത്ത് കുമാറും മഞ്ജു വാര്യറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എച്ച്. വിനോദാണ് സംവിധാനം ചെയ്യുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.
മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ധനുഷ് നായകനായ അസുരനാണ് നടിയുടെ ആദ്യ തമിഴ് ചിത്രം. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കനാണ്.
കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാൻ. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.