ലോകകപ്പ് വേദിയിൽ ട്രോഫി അനാവരണം ചെയ്ത തന്റെ ഭാര്യയെ കുറിച്ച് അഭിമാനമെന്ന് നടൻ രൺവീർ സിംഗ്. ഖത്തറിൽ നടന്ന ഫൈനലിൽ ലോകമെന്പാടുമുള്ള ആരാധകരെ സാക്ഷിയാക്കി ലോകകപ്പിന്റെ കനക കിരീടം വേദിയിലെത്തിച്ചത് സ്പാനിഷ് മുൻ ഗോൾകീപ്പർ ഐകർ കസിയാസും ദീപിക പാദുക്കോണും ചേർന്നായിരുന്നു.
ഈ സന്തോഷനിമിഷത്തിന്റെ വീഡിയോ സഹിതമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്. യഥാർഥ ട്രോഫി എന്റെ കയ്യിലാണ്. എന്നാണ് ദീപിക ട്രോഫിയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് രൺവീർ സിംഗ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഞാൻ അഭിമാനത്താൽ വിങ്ങിപ്പൊട്ടുകയാണ്. അത് എന്റെ പ്രിയപ്പെട്ടവളാണ്, ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന അവളെ നോക്കൂ. വീഡിയോ പങ്കുവച്ച് താരം പ്രതികരിച്ചു.
കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്സിന്റെ നിര്‍മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഖത്തറിലെത്തിയത്. മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം ഐകർ കസിയാസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് അനാവരണം ചെയ്തത്.
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിമിന് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നു. ഇതിൽ കൂടുതൽ എനിക്ക് ഒന്നും ചോദിക്കാൻ കഴിയുന്നില്ല. ദീപിക കുറിച്ചു.
ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത് ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറാണ് ദീപിക. മുൻകാലങ്ങളിൽ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.
ലോകകപ്പ് ട്രോഫിക്കൊപ്പം എന്റെ ട്രോഫി; ദീപികയെക്കുറിച്ച് രൺവീർ
03:55 PM Dec 19, 2022 | Deepika.com