തെന്നിന്ത്യന്‍ താരസുന്ദരി ഹൻസിക മോത്വാനി വിവാഹിതയായി. ഹൻസികയുടെ ബിസിനസ്സ് പങ്കാളിയും മുംബൈ വ്യവസായിയുമായ സുഹൈൽ ഖതൂരിയാണ് വരൻ. ഡിസംബർ നാലിന് ജയ്പൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ച് നടന്ന ആഡംബര വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവിധ തരത്തിലുള്ള വേഷവിധാനങ്ങളിൽ അതിസുന്ദരിയായാണ് ഹൻസിക എത്തിയത്. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഫാൻ പേജുകൾ ഏറ്റെടുത്തിരിക്കുന്നത്.
പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ച് സുഹൈൽ ഹൻസികയോട് പ്രണയാഭ്യാർഥന നടത്തുന്ന ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്.
രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.