ഹിറ്റായ സ്വന്തം ഡയലോഗ് അതേ രീതിയിൽ മറ്റൊരാൾ അനുകരിക്കുന്പോൾ അന്പരന്നു പോകുന്ന ചില നിമിഷങ്ങൾ ഉണ്ടാകാം. അത്തരത്തിലൊരു അന്പരപ്പ് ലൈവായി കണ്ട നടൻ ജയറാമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ ട്രെയിലർ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണി പസിക്കത് മണി എന്ന ഡയലോഗും ഹിറ്റായിരുന്നു. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചുപറഞ്ഞ ഹോട്ടൽ ജീവനക്കാരന്റെ വിഡിയോ ആണ് വൈറലാകുന്നത്.
പാർവതിക്കും മക്കൾക്കുമൊപ്പം ഹോട്ടലിലെത്തിയതായിരുന്നു ജയറാം. ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഹോട്ടൽ ജീവനക്കാരൻ ജയറാമിനോട് മണി പസിക്കത് മണി എന്ന ഡയലോഗ് പറയുന്നത്.
ഇതു കേട്ട ജയറാം ആശ്ചര്യത്തോടെ നോക്കുന്നതും പിന്നീട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ജീവനക്കാരന്റെ ഡയലോഗ് കേട്ട പാർവതി നിർത്താതെ ചിരിക്കുന്നതും കാണാം. നടൻ കാളിദാസ് ജയറാമാണ് രസകരമായ ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
"മണി പസിക്കത് മണി' ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ; വീഡിയോ
09:37 AM Dec 01, 2022 | Deepika.com