ഹോളിവുഡ് സിനിമ അവതാർ-2 തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുമെന്നാണ് ഫെഡറേഷൻ പ്രസിഡന്റ് ഡോ. രാംദാസ് ചേലൂർ അറിയിച്ചത്.
അതേസമയം, സിനിമ തീയറ്ററിൽ വിലക്കുമെന്ന് മറ്റൊരു സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് രംഗത്തെത്തിയത്.
അവതാറിന്റെ അണിയറപ്രവർത്തകർ തീയറ്റർ കളക്ഷന്റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതർ രംഗത്തെത്തിയത്. ഇതേത്തുടർന്ന് അടുത്തമാസം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ കേരളത്തിലെ റിലീസ് തന്നെ ആശങ്കയിലായിരുന്നു.
അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം 50:50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50:50 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ അവതാർ 2 അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി.
കേരളത്തിൽ നിരവധി ആരാധകരാണ് സിനിമയെ കാത്തിരിക്കുന്നത്. ഇതിനിടയിൽ ഇത്തരമൊരു വിലക്ക് വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഡിസംബര് 16നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. ഡിസ്നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്.
2009ൽ റിലീസ് ചെയ്ത് ബോക്സ് ഓഫിസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാഗ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
അവതാർ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് ഒരുക്കിയിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു.
പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനതേക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം.
അവതാർ 2ന് വിലക്കില്ല; എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിൽ പ്രദർശിപ്പിക്കും
11:10 AM Nov 30, 2022 | Deepika.com