വഴിയിൽ കൈകാണിച്ചു നിർത്തിയ പോലീസുകാർ പോലും ചോദിച്ചത് ഗോൾഡ് റിലീസ് ചെയ്യുന്നത് എപ്പോഴാണ് എന്ന ചോദ്യമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കടുവ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ലിസ്റ്റിൻ രസകരമായ സംഭവം ഓർത്തെടുത്തത്.
ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ സ്റ്റേഡിയത്തിനടുത്ത് വച്ച് പോലീസുകാർ വണ്ടി നിർത്തിച്ചു. ബുക്കും പേപ്പറും ആവശ്യപ്പെട്ടു. ഡ്രൈവറില്ലാതിരുന്നതിനാൽ അന്ന് താൻ തന്നെയാണ് വണ്ടി ഓടിച്ചത്.
മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഞാൻ മദ്യപിച്ചിട്ടില്ലായിരുന്നു. എന്നാൽ ബുക്കും പേപ്പറും ഞാൻ നോക്കിയിട്ട് കണ്ടില്ല. വണ്ടി സ്റ്റേഷനിലേക്ക് എടുത്തോളാൻ പോലീസ് പറഞ്ഞു. അപ്പോൾ അവർ എന്റെ പേര് ചോദിച്ചു. ഞാൻ ലിസ്റ്റിൻ സ്റ്റീഫനെന്ന് പറഞ്ഞു.അപ്പോൾ അവർ പറഞ്ഞതാണ് ഏറെ രസകരം.
പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസർ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത് എന്നു ചോദിച്ചു. നിങ്ങൾ എന്നെ ഇവിടെനിന്നു റിലീസ് ചെയ്തിട്ട് വേണം ഗോൾഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.
‘പ്രേമ’ത്തിന് ശേഷം അല്‍ഫോൻസ് പുത്രന് സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’നായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഗോൾഡി’നുണ്ട്.
സാങ്കേതിക കാരണങ്ങൾ കൊണ്ട് പലതവണ റിലീസ് മാറ്റി വച്ചിരുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്ന് ലിസ്റ്റിന് സ്റ്റീഫൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിരവധി വിജയചിത്രങ്ങൾ നിർമിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസ്– മാജിക് ഫ്രെയിംസ് കൂട്ടായ്മയാണ് ഗോൾഡ് നിർമിച്ചിരിക്കുന്നത്.