ആശ ശരത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖെദ്ദ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭർത്താവിൽ നിന്നും കൂടുതൽ സ്നേഹം ലഭിക്കാൻ ആഗ്രഹിക്കുന്ന ഭാര്യ അത് ലഭിക്കാതെ വരുന്പോൾ മറ്റൊരു ബന്ധത്തിൽ അകപ്പെടുന്നു.
പിന്നീട് ആ ബന്ധം അവരെ കെണിയിൽപ്പെടുത്തുന്നതും അതിൽ നിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്ന നായികയെയുമാണ് ചിത്രത്തിന്റെ ട്രെയിലറിൽ കാണുന്നത്. മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമ്മയും മകളുമായിട്ട് തന്നെയാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിന് തീയേറ്ററുകളിൽ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായഗ്രഹണം പ്രതാപ് പി. നായർ. പശ്ചാത്തല സംഗീതം ബിജിബാൽ.