കജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’ ട്രെയിലർ പുറത്തിറക്കി. അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകന്റെയും അവനെ പരിചരിക്കുന്ന അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സുജാത' എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ആമിർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു.
വിശാൽ ജെത്വ, രാഹുൽ ബോസ്, പ്രകാശ് രാജ്, ആഹാന കുമ്ര, പ്രിയാമണി, അനീത് പട്ട, ജയ് നീരജ്, മാലാ പാർവതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം മിഥുൻ. ഛായാഗ്രഹണം രവി വർമൻ.
11 വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാം വെങ്കി. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.