എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ തലയും ദളപതിയും പൊങ്കൽ പോരാട്ടത്തിനൊരുങ്ങുന്നു.
2023 പൊങ്കൽ കാലത്ത് അജിത്ത് - എച്ച്. വിനോദ് ചിത്രം തുനിവ് എത്തുമെന്ന് അറിയിച്ചതോടെ ബോക്സ് ഓഫീസിൽ തീപാറുമെന്ന് ഉറപ്പായി. വംശി പൈഡിപ്പള്ളി ഒരുക്കുന്ന വിജയ് ചിത്രം വാരിസ് പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അജിത്ത് ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന തുനിവിന്റെ റിലീസ് സംബന്ധിച്ച വിവരം നിർമാതാവ് ബോണി കപൂറാണ് പുറത്തുവിട്ടത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതായും അദേഹം അറിയിച്ചു.
വിജയ് ബിസിനസ്മാൻ അവതാരത്തിലെത്തുന്ന വാരിസിനെതിരെ ആയുധമേന്തിയ പോരാളിയുടെ വേഷത്തിലാണ് തുനിവിൽ അജിത്ത് എത്തുന്നത്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച കഥയാണ് തുനിവ് പറയുന്നതെന്ന് പോസ്റ്ററിൽ സൂചനയുണ്ട്.
ഇരു ചിത്രങ്ങളുടെയും റിലീസ് തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ് ജനതയുടെ ഏറ്റവും പകിട്ടേറിയ ആഘോഷത്തിന് നിറം പകരാൻ ഇരു താരങ്ങളും എത്തുന്പോൾ ആരാധകർ ആവേശത്തിലാഴുമെന്നുറപ്പാണ്.
2014-ലാണ് അവസാനമായി ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തത്. നേശൻ സംവിധാനം ചെയ്ത ജില്ലയുമായി മോഹൻലാലിനൊപ്പം വിജയ് എത്തിയപ്പോൾ ശിവ ഒരുക്കിയ വേതാളം ആയിരുന്നു അജിത്തിന്റെ മറുപടി. ജില്ല സമ്മിശ്ര പ്രതികരണം നേടിയപ്പോൾ വേതാളം പൊങ്കൽ പോരാട്ടത്തിലെ ജേതാവായി.
പൊങ്കലിന് പോരടിക്കാൻ തലയും ദളപതിയും
04:47 PM Oct 28, 2022 | Deepika.com