സമാന്ത നായികയായി എത്തുന്ന യശോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വാടക ഗര്ഭാധാരണം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ നടക്കുന്ന ദുരൂഹതകളാണ് ചിത്രം പറയുന്നത്.
കോടീശ്വരന്മാരായ ദമ്പതികള്‍ക്കായി വാടക ഗര്‍ഭധാരണം നടത്തുന്ന യുവതികളുടെ ജീവിതമാണ് ട്രെയിലറില്‍ കാണിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് യശോദ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നു.
വാടക ഗര്‍ഭത്തിനായി ഒരുങ്ങുന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് സമാന്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ മാസ് രംഗങ്ങളും ട്രെയിലറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഹരിയും ഹരീഷും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.