ബിഗ് ബജറ്റ് ചിത്രമായ "മരക്കാർ - അറബിക്കടലിന്റെ സിംഹം' നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ പ്രിയദർശൻ യുവനിരയ്ക്കൊപ്പം കൈകോർക്കുന്നു.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "കൊറോണ പേപ്പേഴ്സ്'എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങിൽ ആശിർവാദ് സിനിമാസ് തലവൻ ആന്റണി പെരുന്പാവൂർ, പ്രിയദർശൻ, ഷെയ്ൻ നിഗം എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി.
മലയാളി പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കുന്ന തമാശ രംഗങ്ങൾ സമ്മാനിച്ച പ്രിയദർശൻ, പുതു തലമുറയുടെ രീതികൾക്കനുസരിച്ച് കോമഡിക്ക് പ്രാധാന്യമുള്ള രീതിയിലാണ് "കൊറോണ പേപ്പേഴ്സ്' ഒരുക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ശ്രീഗണേഷ രചിച്ച കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഫോർ ഫ്രെയിംസ് ബാനറിൽ ചിത്രം നിർമിക്കുന്ന പ്രിയദർശൻ തന്നെയാണ്.
ഗായത്രി ശങ്കർ, സിദിഖ്, മണിയൻപിള്ള രാജു, മേനക സുരേഷ്, വിജിലേഷ് എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ദിവാകർ എസ്. മണിയാണ്. എം. എസ്. അയ്യപ്പൻ നായർ ചിത്രസംയോജനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.