മോൺസ്റ്റർ എന്ന ചിത്രത്തിൽ ഒരുപാട് സവിശേഷതകളുണ്ടെന്ന് മോഹൻലാൽ. ചിത്രത്തിന്റെ പ്രമേയം വ്യത്യസ്തമാണെന്നും മലയാളത്തിൽ ആദ്യമായിട്ടാകും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു.
എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കില്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതള്‍ നിറഞ്ഞ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സർപ്രൈസ് എലമെന്റുകള്‍ ഇതിലുണ്ട്. എല്ലാ സിനിമയിലുമുണ്ട്, പക്ഷേ ഇതിലെ പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കഥ തന്നെയാണ് താരം. ഹീറോ, വില്ലൻ എന്നിങ്ങനെയുള്ള കോൺസെപ്റ്റ് ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇതിൽ തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ. മോൺസ്റ്ററിനെക്കുറിച്ച് ഇത്രയേ പറയാൻ പറ്റൂ. വളരെ അപൂർവമാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു നടനെന്ന നിലയിൽ സാധിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.’’–മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും. ചിത്രത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ എത്തുന്നത്.
പുലിമുരകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.
ഫെബ്രുവരിയിൽ റിലീസിനെത്തിയ ആറാട്ടിനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിൽ ആദ്യമായാണ് ഇങ്ങനയൊരു പ്രമേയം; മോൺസ്റ്ററിനെക്കുറിച്ച് മോഹൻലാൽ
12:06 PM Oct 18, 2022 | Deepika.com