പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം കാപ്പ ടീസർ പുറത്തിറക്കി. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലവും അതിനെ ചുറ്റിപറ്റിയുള്ള കഥയുമാണ് ചിത്രം പറയുന്നത്. കൊട്ടമധു എന്ന ഗുണ്ട കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക.
ജി.ആര്. ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.
ജഗദീഷ്, ദിലീഷ് പോത്തൻ, അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാർ ചിത്രത്തിലുണ്ട്. ജോമോൻ ടി. ജോൺ ഛായഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ഷമീർ മുഹമ്മദ്. ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം തിയറ്ററിലെത്തും.