ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര് വന്‍ വിജയത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
റീലീസ് ചെയ്ത് അഞ്ചുദിവസം പിന്നീടുമ്പോഴാണ് ഈ നേട്ടം. ആന്ധ്രപ്രേദശ് തെലുങ്കാനയില്‍ നിന്നും 63കോടിയാണ് ഗ്രോസ് കളക്ഷന്‍. ഹിന്ദിയില്‍ നിന്നും ചിത്രം നാലുകോടി നേടി. ആദ്യദിനം 38കോടിയാണ് ചിത്രം നേടിയത്. റാം ചരണ്‍,ആര്.ബി.ചൗദരി,എന്‍.വി.പ്രസാദ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
തമിഴിലെ പ്രശസ്ത സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്മാന് ഖാന് എത്തുന്നു. ജോണ്‍ വിജയ്യുടെ മയില്‍വാഹനം എന്ന പൊലീസ് കഥാപാത്രത്തെ സമുദ്രക്കനി അവതരിപ്പിക്കും. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്, സച്ചിന് ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് എസ്.തമനാണ്. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. കേരളത്തില്‍ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
100കോടി ക്ലബ്ബില്‍ ഇടം നേടി ഗോഡ്ഫാദര്
08:34 AM Oct 11, 2022 | Deepika.com