‘അത് തെളിയിക്കാനാണ് ഞാൻ ടാറ്റു അടിച്ചത്’

02:05 PM Oct 07, 2022 | Deepika.com

മലയാളികൾക്കും പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് രശ്മിക മന്ദാന. തെലുങ്കില്‍ നടന്‍ വിജയ് ദേവരകൊണ്ട നായകനായ ഗീതാഗോവിന്ദം എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. അടുത്തിടെ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചു പറ്റി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്‍റെ വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്‍റെ ആരാധകര്‍ക്കായി കുടുംബ ചിത്രം പങ്കുവച്ചിരുന്നു. അടുത്തയിടെ ഒരഭിമുഖത്തിനിടെ തന്‍റെ ബോളിവുഡ് സിനിമയിലെ അനുഭവങ്ങളെക്കുറിച്ചു താരം സംസാരിച്ചിരുന്നു. അഭിമുഖത്തിനിടെ താരത്തിന്‍റെ കൈയിലെ ടാറ്റൂവിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി.

അതൊരു നീണ്ട കഥയാണ്. കോളജില്‍ പഠിക്കുന്ന സമയത്ത് എന്‍റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ എന്നോട് പറഞ്ഞു. ഈ ലോകത്തെ സ്ത്രീകള്‍ക്ക് വേദനകളൊന്നും സഹിക്കാനാവില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും അവര്‍ വിഷമിച്ചിരിക്കും. പിന്നെ എങ്ങനെയാണ് അവര്‍ക്കു മുന്നോട്ട് പോകാനാകുന്നതെന്ന്.

അതു കേട്ട് എനിക്ക് ദേഷ്യം വന്നു. അടുത്ത ദിവസം തന്നെ ഞാൻ ടാറ്റു അടിച്ചു. പിറ്റേന്ന് ഞാന്‍ ടാറ്റു അടിച്ചത് അവനെ കാണിച്ചു കൊടുക്കുകയും, നിങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും വേദന സഹിക്കാനുളള കഴിവുണ്ടെന്ന് പറഞ്ഞു. വേദന എല്ലാവര്‍ക്കും ഉളളതാണ്, ആണ്‍-പെണ്‍ എന്നൊന്നുമില്ല. സ്ത്രീകള്‍ക്ക് വേദന സഹിക്കാനുളള കഴിവില്ല എന്നു പറയുന്നതില്‍ എന്തു പ്രസക്തിയാണുള്ളത്- രശ്മിക പറഞ്ഞു.

ഞാന്‍ പകരം വയ്ക്കാനില്ലാത്തവളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെപ്പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ. നമ്മള്‍ ഓരോരുത്തരും നമ്മുടെ രീതിയില്‍ അദ്വിതീയരാണ്. നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും മറ്റൊരു വ്യക്തിയെ പകരം വയ്ക്കാന്‍ കഴിയില്ലെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി രശ്മിക പറഞ്ഞു.