ആദിപുരുഷ് ചിത്രത്തിനെതിരെ ഉയരുന്ന ട്രോളുകളില്‍ നിരാശ പ്രകടിപ്പിച്ച് സംവിധായകന് ഓം റൗട്ട്. ട്രോളുകളും വിമര്‍ശനങ്ങളും കാണുമ്പോള്‍ ഹൃദയം തകരുന്നുവെന്നും ടീസര്‍ മൊബൈലില്‍ കണ്ടതാണ് പ്രശ്നമെന്നും സംവിധായകന് ഓം റൗട്ട് പറഞ്ഞു.
‘‘എന്റെ ഹൃദയം തകരുന്നതുപോലെ. പക്ഷേ കുഴപ്പമില്ല. ഈ സിനിമ വലിയ സ്കെയിലിൽ തിയറ്ററിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും.
എനിക്ക് നിയന്ത്രിക്കാനാകാത്ത അന്തരീക്ഷമാണത്. ഒരു ചോയ്സ് നൽകിയിരുന്നുവെങ്കിൽ, ഞാൻ അത് ഒരിക്കലും യൂട്യൂബിൽ അപ്ലോഡ് ചെയ്യില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തെ പല ഭാഗങ്ങളിലുമുളള പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഞങ്ങൾക്ക് അത് റിലീസ് ചെയ്യുകയെന്നത് ഒഴിവാക്കാൻ പറ്റാത്തതായിരുന്നു.
പ്രായമുള്ള ആളുകളും സിനിമ തിയറ്റർ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവരും ഇന്ന് തിയറ്ററുകളിൽ എത്താറില്ല. അവരെ കൂടി തിയറ്ററുകളിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം ഇത് രാമായണ കഥയാണ്. അതുകൊണ്ടുതന്നെ വിമർശനങ്ങളില്‍ തളരില്ല. ഇത് ചെറിയ സ്ക്രീനിനു വേണ്ടി എടുത്ത സിനിമയല്ല.’’ –ഓം റൗട്ട് വ്യക്തമാക്കി.
പ്രഭാസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ഫാന്റസി 3ഡി ചിത്രമാണ്. സിനിമയുടെ ടീസറിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചത്. 500 കോടി രൂപ ചെലവിൽ ഒരുക്കുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികൾക്കായുള്ള സീരിയലുകൾക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങൾ.
ടീസര്‍ മൊബൈലില്‍ കണ്ടതിന്റെ പ്രശ്നം ട്രോളുകള്‍ കാണുമ്പോള്‍ ഹൃദയം തകരുന്നു: സംവിധായകന്
12:38 PM Oct 06, 2022 | Deepika.com