പൊന്നിയന്‍ സെല്വന് സിനിമ തിയറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് കഴിഞ്ഞപ്പോള്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പൊന്നിയന്‍ സെല്വന് സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നടന് പ്രഭുവിനെ അനുകരിച്ച് സദസിലുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
രജനീകാന്ത്, കമല്ഹാസന്,മണിരത്നം,സുഹാസിനി,ഐശ്വര്യ റായ് തുടങ്ങിയവരയെല്ലാം ജയറാമിന്റെ അവതരണം കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.
പൊന്നിയിന്‍ സെല്വന് ഷൂട്ടിനിടെ നടന് പ്രഭുവിനൊപ്പം കാരവാന് പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ജയറാം പങ്കുവച്ചത്. ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ആറ് മണിക്ക് ഷൂട്ട് തുടങ്ങുമെന്നതിനാല്‍ താരങ്ങളെല്ലാം തന്നെ പുലര്‍ച്ചെ മൂന്നിന് തന്നെ സെറ്റിലെത്തിയിരുന്നു.
തനിക്കും പ്രഭുസാറിനും കൂടി ഒരു കാരവാനാണ് ഉണ്ടായിരുന്നത്.ഒരു ഭാഗത്ത് ഞാനും മറ്റേ ഭാഗത്ത് പ്രഭു സാറും. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ശബ്ദം കേട്ടു. ജയറാം ജയറാം എന്നാണ് വിളി. പുലര്‍ച്ചെ നാലരമണിയ്ക്ക് രണ്ടു പാക്കറ്റ് ഫുഡുമായി വന്നു നില്‍ക്കുകയാണ് പ്രഭു സര്. കയ്യിലുള്ള ഭക്ഷണം രണ്ടുപേര്‍ക്കും ഷെയര്‍ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി ഞാന്‍.
''നിനക്ക് മണിരത്നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കില്‍ ഇപ്പോഴേ കഴിക്കാം''.പ്രഭു സര് പറഞ്ഞു. നാലര മണിയ്ക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറിനോട് പറഞ്ഞു, ''മണി സാര്‍ പറഞ്ഞു. ഒരേ ഒരു ഷോട്ടേയുള്ളൂ. അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാന്‍ രണ്ടുമണിക്കൂര്‍ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാമെന്ന്''.
''മണി അങ്ങനെ പറഞ്ഞോ, എന്നാല്‍ ഓകെ'', എന്നും പറഞ്ഞ് എന്നെ വിശ്വസിച്ച് പ്രഭുസാര്‍ കഴിക്കാതെ ഷൂട്ടിനിറങ്ങി.
അങ്ങനെ ആറുമണിയ്ക്ക് ആരംഭിച്ച ഷൂട്ട് ഏഴായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തുമണിയായപ്പോഴൊക്കെ എനിക്ക് പ്രഭുസാറിന്റെ ശബ്ദം കേള്‍ക്കാം, 'ഏയ് മണീ എനിക്ക് വിശക്കുന്നൂ''. ഷൂട്ടിംഗ് നീണ്ടുപോയി രണ്ടുമണിയായി. ഞാന്‍ പ്രഭുസാറിന്റെ കണ്ണില്‍ പെടാതെ ഒരിടത്തുപോയി ഇരിക്കുകയാണ്.
അപ്പോഴെനിക്ക് ശബ്ദം കേള്‍ക്കാം, ''ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ചുകൊണ്ടുവരൂ, അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ''. വിശപ്പ് സഹിക്കാനാവാത്ത സര് ഞാന്‍ കാരണം ഏറെ കഷ്ടപ്പെട്ടു, ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ വളരെ നര്‍മ്മത്തില്‍ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വിഡിയോയില്‍ കാണാം.
പ്രഭുവിനെ അനുകരിക്കുന്ന ജയറാം; കൈയ്യടി നേടിയ വീഡിയോ
10:54 AM Sep 30, 2022 | Deepika.com