"1956ലും 2022ലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം ഇത് തന്നെ'

12:16 PM Sep 28, 2022 | Deepika.com

ഇപ്പോൾ സൈബർ അക്രമങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരേ. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം വലിയ രീതിയില്‍ വര്‍ധിക്കുന്ന കാലമാണിത്. വസ്ത്രധാരണത്തിന്‍റെയും നിലപാടുകളുടേയും പേരില്‍ പല മേഖലകളിലേയും സ്ത്രീകള്‍ സൈബറിടങ്ങളില്‍ വിചാരണക്ക് വിധേയമാകുന്നുണ്ട്.

ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൈഥിലി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നടപടി വേണം എന്ന് മൈഥിലി പറയുന്നു. തന്‍റെ പുതിയ ചിത്രമായ ചട്ടമ്പിയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു മൈഥിലിയുടെ പ്രതികരണം. സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ വരെ ഉണ്ട് എന്നും മൈഥിലി ചൂണ്ടിക്കാട്ടി.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നിയമം ഉണ്ടാകേണ്ടതുണ്ട്. സൈബര്‍ ആക്രമണം എന്നത് ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീ പീഡന കൊലപാതകം നടക്കുന്നത് 1956-ലാണ് നടക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നമാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് സൈബര്‍ ആക്രമണം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയൊക്കെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇറങ്ങി പ്രവര്‍ത്തിച്ചത്. അതിന് ഇടയാക്കിയത് ഇത്തരം സോഷ്യല്‍ മീഡിയ ടോര്‍ച്ചറിങ് തന്നെയാണ്. അതിനെതിരേ ഒരു സ്ത്രീ ഇറങ്ങിയെങ്കില്‍ ബാക്കിയുള്ളവരും ഇറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഞാന്‍ പല കാര്യങ്ങള്‍ക്കും കേസ് കൊടുത്തിട്ടുണ്ട്. ഇതിന് ശരിയായ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും പല നിയമങ്ങളും ഇല്ല.1956ലും 2022-ലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം ഇത് തന്നെയാണെന്നും മൈഥിലി വ്യക്തമാക്കി.